പേരൂർക്കട: പാൻക്രിയാസിനെ ബാധിക്കുന്ന നെസ്ഡിയോ ബ്ലാസ്റ്റോസിസ് എന്ന അപൂർവ രോഗത്താൽ വിഷമിക്കുന്ന പെൺകുട്ടികൾക്ക് കൈതാങ്ങായി മന്ത്രി കെ. മുരളീധരൻ. ഇരുവരുടെയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി അറിയിച്ചു. ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും കുടുംബത്തിനു മന്ത്രി ഉറപ്പുനൽകി.
ഓർമക്കുറവും കാഴ്ചയില്ലായ്മയും എല്ലുകൾക്കു ബലമില്ലാത്തതും കാരണം എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഫാത്തിമയും (24) ഫാദിയയും (15). പത്താംക്ലാസിൽ പഠിക്കുമ്പോൾ ഫാത്തിമയ്ക്കാണ് ആദ്യം രോഗം വന്നത്. രണ്ടു വർഷങ്ങൾക്കു ശേഷം ഫാദിയയും രോഗബാധിതയായി. ഇക്കാര്യമറിഞ്ഞ മന്ത്രി പിടിപി നഗറിലെ വാടകവീട്ടിലെത്തിയാണ് കുടുംബത്തെ സന്ദർശിച്ചത്.
ചികിത്സ സംബന്ധിച്ച തുടർനടപടികൾക്കായി എൻഎച്ച്എം ഉദ്യോഗസ്ഥർ വീട്ടിലെത്തുമെന്നു മന്ത്രി പറഞ്ഞു. കുട്ടികളിലൊരാൾ നിലത്തു കിടക്കുന്നത് എന്താണെന്നു മന്ത്രി ചോദിച്ചപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു കാരണം കട്ടിൽ വിറ്റതാണെന്ന് അമ്മ ഷംല അറിയിച്ചു.
വീടിന്റെ വാടക കുടിശികയാണെന്നും മുന്നോട്ടു പോകാൻ വഴിയില്ലെന്നും ഷംല പറഞ്ഞു. ഉടൻ പ്രാദേശിക കോൺഗ്രസ് നേതാക്കളെ വിളിച്ച് കുടുംബത്തിനാവശ്യമായ മറ്റു സഹായങ്ങൾ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ നിർദേശത്തിനു പിന്നാലെ കോൺഗ്രസ് വലിയവിള മണ്ഡലം കമ്മിറ്റി കുടുംബത്തിന് അടിയന്തരസഹായമെത്തിച്ചു.
ലീഡറുടെ സ്മരണാർഥമുള്ള മണ്ഡലം കമ്മിറ്റിയുടെ കരുണാർദ്രം പദ്ധതിയുടെ ഭാഗമായി അടിയന്തര ധനസഹായവും കുടുംബത്തിനു നൽകി. പട്ടത്ത് വാടകയില്ലാതെ വീട് ലഭ്യമാക്കാനും തീരുമാനിച്ചു. കട്ടിലും വീട്ടുസാധനങ്ങളും ഉൾപ്പെടെ എത്തിച്ചു നൽകാനുള്ള നടപടികളും ആരംഭിച്ചു. മക്കളുടെ ജീവൻ നിലനിറുത്താൻ മാസം രണ്ടര ലക്ഷം രൂപയാണ് വേണ്ടിവരുന്നതെന്ന് അമ്മ ഷംല പറഞ്ഞു. മന്ത്രിയുടെ കൈതാങ്ങോടെ വലിയ ആശ്വാസമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്.